ആഗോളതലത്തിൽ വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചവരുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 2023-ലെ കണക്കനുസരിച്ച് രാജ്യത്ത് 13.8 കോടി പേരെ രോഗം ബാധിച്ചതായാണ് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. 1990-ന് ശേഷം വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായതായി പഠനത്തിൽ സൂചിപ്പിക്കുന്നു. ഇപ്പോൾ, ലോകമെമ്പാടും 80 കോടിയോളം ആളുകളെ വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ, ഭൂരിഭാഗം ആളുകൾക്കും സ്റ്റേജ് 1-3 CKD ആയിരുന്നു. 2023-ലെ കണക്ക് പ്രകാരം 14.8 ലക്ഷം പേരുടെ മരണത്തിന് രോഗം കാരണമായി. ഹൃദയസംബന്ധമായ മരണങ്ങളിലും പ്രധാന വില്ലനായി വിട്ടുമാറാത്ത വൃക്കരോഗത്തെ പഠനം ചൂണ്ടിക്കാട്ടുന്നു.






















