കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

ചർമ്മ സംരക്ഷണവും ആരോഗ്യ പരിപാലനവും ചർച്ചയാകുന്ന ഈ കാലത്ത് നേത്ര പരിചരണത്തിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് പിന്നിലെ വലിയ അപകടത്തെ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ. ഇവയിൽ ഭൂരിഭാഗം കേസുകളും വിദഗ്ധ ചികിത്സ തേടിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ്. രാജ്യത്ത് എട്ട് കോടിയോളം ആളുകൾ പ്രമേഹം മൂലമുള്ള ഡയബറ്റിക് റെറ്റിനോപ്പതി ഭീഷണിയിലാണ്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് തീർക്കുന്ന വെല്ലുവിളി അത്രമേൽ ഭയാനകമാണ്. കണ്ണുകളിലെ റെറ്റിനയെ ബാധിക്കുന്ന രോഗങ്ങളിൽ പലതും രോഗത്തിന്റെ ആരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. കാഴ്ച ശക്തി കുറഞ്ഞ് തുടങ്ങുമ്പോഴാണ് പലരും ഇക്കാര്യം ശ്രദ്ധിക്കുക. എന്നാൽ ഈ അവസരത്തിൽ ചികിത്സ തേടുന്നത് പലപ്പോഴും ഫലപ്രദമാകാറില്ല. പതിവായി നേത്ര പരിശോധനയിലൂടെ മാത്രമേ മുൻകൂട്ടിയുള്ള രോഗ നിർണയം സാധ്യമാകൂ. 40 വയസ്സിന് മുകളിലുള്ളവരും അമിത രക്തസമ്മർദ്ദം, പുകവലി എന്നിവയുള്ളവരും റെറ്റിന പരിശോധന കർശനമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.