വർഷങ്ങളായി താനൊരു രോഗാവസ്ഥയുമായി പോരാടുകയായിരുന്നുവെന്ന് സൽമാൻ ഖാൻ

വർഷങ്ങളായി താനൊരു രോഗാവസ്ഥയുമായി പോരാടുകയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ സൽമാൻ ഖാൻ. ആമീർ ഖാനുമൊത്ത് ടു മച്ച് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. നാഡീ വ്യവസ്ഥകളെ ബാധിക്കുന്ന ട്രൈജെമിനൽ ന്യൂറൽജിയ എന്ന അസുഖമാണ് തന്നെ ബാധിച്ചിരുന്നതെന്ന് താരം വ്യക്തമാക്കി. പൊടുന്നനെയുള്ള വേദന, പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂറെടുക്കുക, ഓംലെറ്റ് ചവയ്ക്കുമ്പോൾ പോലും വേദന അനുഭവപ്പെടുക തുടങ്ങിയ രോഗലക്ഷണങ്ങൾ സഹിക്കാനാവാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് താരം പറയുന്നു. ദന്തസംബന്ധമായ പ്രശ്‌നമാണ് കാരണമെന്നാണ് ആദ്യം കരുതിയത്. വേദനസംഹാരികൾ പതിവായി കഴിച്ചിരുന്നതായും താരം വ്യക്തമാക്കി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ഗാമ നൈഫ് സർജറി എന്ന ശസ്ത്രക്രിയ നടത്തിയാണ് അസുഖത്തിൽ നിന്ന് മുക്തനായതെന്നും സൽമാൻ പറയുന്നു. ‘ഗാമ നൈഫ് സർജറി എന്നൊരു നടപടിക്രമമുണ്ട്, ഇതിൽ അവർ നിങ്ങളുടെ മുഖത്ത് ഏകദേശം 8 മണിക്കൂർ സ്‌ക്രൂ ഘടിപ്പിക്കും. ഞാൻ ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായാൽ എന്റെ വേദന 20-30% കുറയുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പക്ഷേ, ദൈവത്തിന്റെ കൃപയാൽ വേദന പൂർണ്ണമായും അപ്രത്യക്ഷമായെന്നും ‘ സൽമാൻ ഖാൻ വ്യക്തമാക്കി.