മുട്ട പുഴുങ്ങുന്നതിന് മുൻപ് കഴുകാറുണ്ടോ?

മുട്ട പുഴുങ്ങുന്നതിന് മുൻപ് കഴുകാറുണ്ടോ? മുട്ടയുടെ കാര്യത്തിൽ ശുചിത്വം പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. ഫാമുകളിൽ നിന്നും നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകൾ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടിൽ ബാക്ടീരിയകൾ വളരാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഫാമുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന മുട്ടകളുടെ തോടുകളിൽ ചെളി, പക്ഷിയുടെ തൂവലുകൾ, കാഷ്ഠം എന്നിവ ഉണ്ടാകാം. മുട്ടയുടെ പുറം തോട് കട്ടിയുള്ളതാണെങ്കിലും അതിൽ അനേകം സുഷിരങ്ങൾ ഉണ്ട്. ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ, ഈ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ മുട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. പാചകം ചെയ്യുന്നതിന് മുൻപ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകൾ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറയ്ക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. സാൽമൊണല്ല , ഇ.കോളി , കാംപിലോബാക്റ്റർ എന്നിവയാണ് സാധാരണയായി മുട്ടത്തോടിൽ കാണപ്പെടുന്ന ബാക്ടീരിയകൾ. അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന മുട്ടകളിൽ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് മുട്ട പാചകം ചെയ്യും മുമ്പ് വൃത്തിയായി കഴുകേണ്ടത് അത്യവശ്യമാണ്.