മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥമാണ് പല്ലിന്റെ ഇനാമൽ. പല്ലിന്റെ തേയ്മാനത്തെ പ്രതിരോധിക്കുന്ന പുറം പാളിയാണിത്. ഇനാമലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഗ്ലിസറോൾ-സ്റ്റബിലൈസ്ഡ് കാൽസ്യം ഫോസ്‌ഫേറ്റ് ജെൽ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബയോമിമിക്രിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ജെൽ. അതായത്, ഇനാമൽ രൂപപ്പെടുന്ന സ്വാഭാവിക പ്രക്രിയയെ ഇത് അനുകരിക്കുന്നു. സാധാരണയായി പല്ലുകൾ രൂപപ്പെടുമ്പോൾ അമെലോബ്ലാസ്റ്റുകൾ എന്ന കോശങ്ങൾ കാൽസ്യവും ഫോസ്‌ഫേറ്റും ചേർന്ന് ഇനാമൽ ക്രിസ്റ്റലുകൾ രൂപപ്പെടാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്നു. പല്ലുകൾ പുറത്തുവരുന്നതോടെ, ഈ കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഗ്ലിസറോൾ ഉപയോഗിച്ച് സ്ഥിരപ്പെടുത്തിയ കാൽസ്യം ഫോസ്‌ഫേറ്റ് ജെൽ നിർമിച്ചുകൊണ്ട് ശാസ്ത്രജ്ഞർ ഈ പ്രശ്‌നം പരിഹരിച്ചുവെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേടുപാടുകൾ സംഭവിച്ച പല്ലിന്റെ പ്രതലത്തിൽ ഈ ജെൽ പുരട്ടുന്നതോടെ അത് പല്ലിൽ ശക്തമായി പറ്റിപ്പിടിക്കുകയും വേഗത്തിൽ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുകയും ചെയ്യുന്നു. പരിശോധനകളിൽനിന്ന്, ഈ ജെൽ ഇനാമലിന്റെ തേയ്മാനം പരിഹരിക്കുന്നതായി കണ്ടെത്തി. കൂടാതെ, പുതുതായി രൂപപ്പെട്ട പാളിക്ക് സ്വാഭാവിക ഇനാമലിന് സമാനമായ കരുത്തും ആസിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു.



















