ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം

ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം. ആ​ഗോളതലത്തിൽ ഈ കണക്ക് കുറയുകയാണെങ്കിൽ ഇന്ത്യയിൽ കൂടുകയാണെന്നാണ് ദി ലാൻസെറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഹൃദയാഘാതം, ​ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ സാംക്രമികേതര രോ​ഗങ്ങൾ രാജ്യത്ത് പ്രധാനപ്പെട്ട ആരോ​ഗ്യവെല്ലുവിളികളാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് മുതിർന്നവരും സ്ത്രീകളും ഈ രോ​ഗങ്ങൾ ബാധിച്ച് മരിക്കുന്ന സാഹചര്യം കൂടുകയാണെന്നും പഠനത്തിലുണ്ട്. 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലും അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള പുരുഷന്മാരിലും സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മജിദ് ഇസാറ്റി വ്യക്തമാക്കി. ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ സാധ്യത 2001-ൽ 46.7 ശതമാനവും 2011-ൽ വലിയ മാറ്റമില്ലാതെ 46.6 ശതമാനമായിരുന്നുവെങ്കിൽ 2019 ആയപ്പോഴേക്കും അത് 48.7 ശതമാനമായി കൂടിയെന്ന് ​ഗവേഷകർ കണ്ടെത്തി. എന്നാൽ ആ​ഗോളതലത്തിൽ സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ചുള്ള മരണനിരക്ക് കുറയുകയാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു.