ഉറക്കക്കുറവ് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും

ഉറക്കവും രോ​ഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോ​ഗസാധ്യത വർധിപ്പിക്കുമെന്നാണ് പഠനം. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. യുവാക്കളിലും ആരോ​ഗ്യമുള്ളവരിലും ഉറക്കക്കുറവ് ഹൃദ്രോ​ഗസാധ്യത കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൊനാഥൻ സെഡെർനസ് പറഞ്ഞു. പഠനത്തിൽ പങ്കാളികളായവരുടെ ഉറക്കം, ഭക്ഷണരീതി, വ്യായാമം തുടങ്ങിയവയെ ആധാരമാക്കിയാണ് വിലയിരുത്തൽ. ഉറക്കക്കുറവ് നേരിട്ടവരിൽ പ്രതിരോധശേഷി തകിടം മറിയുക, മാനസികാവസ്ഥ തകരാറിലാവുക, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവ കണ്ടെത്തി. കൂടാതെ ഉറക്കക്കുറവ് നേരിട്ട രാത്രികൾക്കു ശേഷം ശരീരത്തിൽ വീക്കമുണ്ടാവുന്നതായി കണ്ടെത്തി. ഇത് കൂടുംതോറും രക്തധമനികൾക്ക് ക്ഷതം സംഭവിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുന്നതായും ​ഗവേഷകർ പറയുന്നു. ചെറുപ്രായത്തിൽതന്നെ ആരോ​ഗ്യകരമായ ഉറക്കം ഉറപ്പാക്കുന്നതിലൂടെ ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കാനാവുമെന്നും ​ഗവേഷകർ പറയുന്നു. അതേസമയം ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പല പ്രതികൂലസാഹചര്യങ്ങളേയും ഒരുപരിധിവരെ വ്യായാമത്തിലൂടെ മറികടക്കാനാവുമെന്നും ​ഗവേഷകർ പറയുന്നുണ്ട്.