ഉറക്കം മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് കണ്ടെത്തി ഗവേഷകർ. ചിക്കാഗോ സർവകലാശാലയിലേയും കൊളംബിയ സർവകലാശാലയിലേയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ ഉറക്കത്തെ മെച്ചപ്പെടുത്താൻ സാഹായിക്കുമെന്ന് കണ്ടെത്തി. പകൽ സമയത്ത് കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭക്ഷണക്രമീകരണങ്ങളും ഉറക്കവും നിരീക്ഷിക്കുന്നതിന് പ്രത്യേകം രൂപീകരിച്ച ആപ്പ് വഴിയാണ് ഗവേഷകർ പഠനം നടത്തിയത്. പകൽ സമയം കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ധാന്യങ്ങൾ പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കുകയും ചെയ്തവർക്ക് ആ രാത്രി കൂടുതൽ നേരം ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം ലഭിച്ചതായി കണ്ടെത്തി. ദിവസവും അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ശരാശരി 16 ശതമാനം പുരോഗതി കാണാൻ കഴിഞ്ഞതായി ഗവേഷകർ വ്യക്തമാകുന്നു.






















