20 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെട്ടേക്കാം എന്ന് മുൻകൂട്ടി കണ്ടെത്തുന്ന എ.ഐ വികസിപ്പിച്ചു ഗവേഷകർ. 1000 രോഗങ്ങൾവരെ ഇതുവഴി പ്രവചിക്കാനാവും. ‘ഡെൽഫി 2എം’ എന്ന നിർമിതബുദ്ധി മാതൃക യൂറോപ്പിലെ ഗവേഷകരാണ് വികസിപ്പിച്ചത്. ബ്രിട്ടൻ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകസംഘമാണ് കണ്ടെത്തലിന് പിന്നിൽ. രോഗിയുടെ ആരോഗ്യറിപ്പോർട്ട് വിശകലനം ചെയ്താവും എ.ഐയുടെ പ്രവർത്തനം. ബ്രിട്ടനിലെ യുകെ ബയോബാങ്കിൽനിന്നു ശേഖരിച്ച അഞ്ചുലക്ഷം പേരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമിതബുദ്ധിയെ പരിശീലിപ്പിച്ചത്. ഹൃദയാഘാതംപോലുള്ള രോഗങ്ങൾ ശരിയായി പ്രവചിക്കാൻ ഇതിലൂടെ സാധിച്ചു. ഭാവിയിൽ ആരോഗ്യമേഖലയ്ക്ക് ഡെൽഫി 2എം സഹായകമാവുമെന്നാണ് വിലയിരുത്തൽ. നിലവിൽ എ.ഐയുടെ സേവനം ആരംഭിച്ചിട്ടില്ല. എ.ഐയുടെ പ്രവചനത്തിന്റെ കൃത്യതയും മറ്റും തുടർച്ചയായി പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. നെയ്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.






















