ഫോൺ പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പ്രായമായവർക് ദോഷം ചെയ്യുമോ? എന്നാൽ ദോഷത്തെക്കുറിച്ചല്ല ഗുണത്തെക്കുറിച്ച് പറയുകയാണ് പുതിയൊരു ഗവേഷണം. ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് ഡിമെൻഷ്യ ഉണ്ടാകുമെന്ന ആശങ്ക ഇനി വേണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രായമായവരുടെ വൈജ്ഞാനികനിലവാരം, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മികച്ചതായിരിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ പതിവായി ഉപയോഗിക്കുന്ന അമ്പതുവയസ്സിന് മുകളിലുള്ള നാലുലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. 57 പഠനങ്ങളാണ് യുടി ഹെൽത്ത് ഓസ്റ്റിന്റെ കോംപ്രിഹെൻസീവ് മെമ്മറി സെന്ററിലെ ക്ലിനിക്കൽ ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. ജാരെഡ് ബെഞ്ചും ടെക്‌സസിലെ ബെയ്‌ലർ സർവകലാശാലയിലെ വൈജ്ഞാനിക ന്യൂറോ സയന്റിസ്റ്റായ ഡോ. മൈക്കൽ സ്‌കല്ലിനും വിശകലനംചെയ്തത്. പഠനവിധേയരായവരുടെ ശരാശരിപ്രായം 69 വയസ്സായിരുന്നു. കംപ്യൂട്ടർ, സ്മാർട്ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നത് വൈജ്ഞാനികവൈകല്യത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി. മാത്രമല്ല, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുതുടങ്ങിയ ആദ്യതലമുറയുടെ വൈജ്ഞാനികപ്രവർത്തനം ഇതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ സയൻസ് ജേണലായ നേച്ചർ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.


















