കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ ?

ഉറക്കം കൂടുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി ഉറങ്ങുന്നതിൻ്റെ ലക്ഷണങ്ങളാണ്. 24 മണിക്കൂറിൽ ഒൻപതു മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്. ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊർജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തിൽ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കുമെന്നും ഇത് ജീവന് തന്നെ ഭീഷണി ആണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.