ആറ് വയസ്സുള്ളപ്പോഴുള്ള ഒരു കുട്ടിയുടെ ബോഡി മാസ് ഇൻഡെക്സ് മുതിർന്ന് കഴിയുമ്പോൾ അമിതവണ്ണമുള്ളവരാകുമോ ഇല്ലയോ എന്നതിന്റെ സൂചനയാകാം എന്ന് പഠനം. ആദ്യ അഞ്ച് വയസ്സുവരെയുള്ള കാലം പിന്നീടുള്ള വർഷങ്ങളിൽ കുട്ടിയുടെ ശരീരഭാരത്തിൽ നിർണായകമാകുന്നുവെന്നും നെതർലൻഡ്‌സിൽ നിന്നുള്ള വിദഗ്ധർ വ്യക്തമാക്കുന്നു. ദ ഗാർഡിയൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ജനറേഷൻ ആർ എന്ന പഠനത്തിന്റെ സഹായത്തോടെ നെതർലൻഡ്‌സിലെ 3,528 കുട്ടികളുടെ രണ്ട്, ആറ്, 10, 14, 18 വയസ്സുകളിലെ BMI ഗവേഷകർ പഠിച്ചു. ഇതിൽ നിന്നുള്ള കണ്ടെത്തൽ സ്പെയിനിലെ മാലാഗയിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബെസിറ്റിയിൽ ഇവർ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആറ് വയസ്സുള്ളപ്പോൾ ബിഎംഐയിൽ ഉണ്ടാകുന്ന ഓരോ ഒരു യൂണിറ്റ് വർധനവും 18 വയസ്സിൽ കുട്ടി അമിത വണ്ണമുള്ള വ്യക്തിയാകാനുള്ള സാധ്യത ഇരട്ടിയിലേറെ വർധിപ്പിക്കുന്നുവെന്നായിരുന്നു ഗവേഷകർ പ്രസ്താവിച്ചത്.
കുട്ടികൾക്ക് സന്തോഷകരവും ആരോഗ്യകരവുമായ ഒരു ജീവിതത്തിന് അവസരം നൽകാനും നാം അവർ എങ്ങിനെയാണ് വളരുന്നത് എന്ന് മനസ്സിലാക്കണമെന്നാണ് വിദഗ്ധാഭിപ്രായം.






















