കുടവയർ ഇന്ന് മലയാളികൾക്കിടയിൽ സാധാരണമായിരിക്കുകയാണ്. മാറിയ ജീവിതശൈലിയും തൊഴിലിന്റെ സ്വഭാവവും ഭക്ഷണശീലവുമെല്ലാം കുടവയർ ഇങ്ങനെ കൂടുന്നതിന് കാരണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത് കൂടാതെ ഉറക്കക്കുറവ് ശരീരഭാര കൂടാനും അരക്കെട്ടിലെ വിസറൽ കൊഴുപ്പ് വർധിക്കാനും കാരണമാകുമെന്ന് സ്ലീപ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. കുടവയർ കുറയ്ക്കാൻ വ്യായാമവും ഡയറ്റും ശ്രദ്ധിക്കുന്നതിനൊപ്പം ദിവസവും എട്ട് മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തിൽ ഒരു മണിക്കൂർ കുറഞ്ഞാൽ പോലും അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വർധിക്കാൻ കാരണമാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. മതിയായ ഉറക്കം ലഭിക്കാത്തത് തലച്ചോറിൻറെ അകാല വാർധക്യത്തിനും പെരുമാറ്റ ശീലങ്ങളിലെ വ്യതിയാനത്തിനും കാരണമാകാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.






















