പാവങ്ങളുടെ റേഷനരി വെട്ടിച്ചയാള്‍ക്ക് സഹായം: അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: ബി.പി.എല്ലുകാര്‍ക്കുള്ള അരി വെട്ടിച്ച റേഷന്‍ കടയുടമയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മുന്‍ മന്ത്രിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ വിജിലന്‍സിന് ഉത്തരവു നല്‍കിയത്. തട്ടിപ്പ് നടത്തിയ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും കട നടത്തുന്നയാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള ജില്ലാ സപ്ലൈ ഓഫിസറുടെ ഉത്തരവ് മന്ത്രി ആയിരിക്കെ സ്‌റ്റേ ചെയ്തതാണ് അനൂപ് ജേക്കബിന് വിനയായത്.

 

തൊടുപുഴ അറക്കുളം മൂലമറ്റം വടക്കന്‍തോട്ടത്തില്‍ അഗസ്തിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഉടുമ്പന്നൂരിലെ റേഷന്‍ കടയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കൊടുക്കാനുള്ള അരിയില്‍ കുറവുള്ളതായി കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ജില്ല സപൈ്‌ള ഓഫിസര്‍ 2016 ജനുവരിയില്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് അടുത്തുള്ള കടയുമായി യോജിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, കടയുടമയില്‍നിന്ന് ലഭിച്ച പരാതിയില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് നടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു. തൊടുപുഴ താലൂക്ക് സപൈ്‌ള ഓഫിസര്‍ ടി.എസ്. സശീന്ദ്രബാബു, റേഷന്‍ കടയുടമ സെയ്തുമുഹമ്മദ് എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി പ്രതി ചേര്‍ക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

LEAVE A REPLY