പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം വലിയ അപകടം

ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം യുവാക്കളിൽ ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്നതായി എല്ലുരോഗ വിദഗ്ധർ. ജിമ്മിൽ വ്യായാമം ചെയ്യുന്ന 20ഉം അതിന് താഴെയും പ്രായമുള്ള യുവാക്കളിൽ നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ ഗൗരവകരമായി ഉയരുന്നുവെന്നും രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച എല്ലുരോഗ വിദഗ്ധരുടെ കൂട്ടായ്മ ‘ഡൽഹി ഹിപ് 360’ ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങളായി നടുവേദനയടക്കം വിവിധ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന യുവാക്കളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. പരിശോധനകൾക്കിടെ, 70 ശതമാനം രോഗികളും സ്റ്റിറോയ്ഡും പ്രോട്ടീൻ പൗഡറും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്താറുണ്ടെന്നും ഡെൽഹി മാക്സ് ആശുപ​ത്രി എല്ലുവിഭാഗം തലവൻ കൂടിയായ ഡോ. തോമർ പറഞ്ഞു. മദ്യത്തിന്‍റെയും സ്റ്റിറോയ്ഡിന്‍റെയും ഉപയോഗം യുവാക്കളിൽ എ.വി.എൻ വർധിക്കുന്നതിന് കാരണമാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തലുണ്ട്. മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഗുണനിലവാര പരിശോധന വിഭാഗം അടുത്തിടെ നടത്തിയ പരിശോധനകളിൽ പ്രോട്ടീൻ പൗഡറുകളിലും സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ പലതും മതിയായ അംഗീകാരമോ പരിശോധനകളോ ഇല്ലാതെ തന്നെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ജിമ്മുകളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്നവയാണെന്നും അഭിപ്രായമുണ്ട്.