ആഴ്ചയിൽ അമ്പത്തിരണ്ടു മണിക്കൂറിലേറെ ജോലി ചെയ്യുന്നവരുടെ മസ്തിഷ്കാരോഗ്യം തകരാറിൽ ആകുമെന്ന് പഠനം. ആഴ്ചയിൽ അമ്പത്തിരണ്ടോ അതിൽക്കൂടുതലോ മണിക്കൂറുകൾ ജോലി ചെയ്യുന്നവരേയും സാധാരണരീതിയിൽ ജോലിചെയ്യുന്നവരേയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. നിശ്ചയിക്കപ്പെട്ടതിലും ഏറെ സമയം ജോലി ചെയ്യുന്നത് ഹൃദ്രോഗങ്ങൾ, പ്രമേഹം, മാനസികാരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമേ മസ്തിഷ്കത്തിന്റെ ഘടനയിലും മാറ്റമുണ്ടാക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുകയാണ് ഗവേഷകർ. ഇതുകൊണ്ടാവാം കൂടുതൽ സമയം ജോലിചെയ്യേണ്ടിവരുന്നവർ മാനസികവും വൈകാരികപരവുമായി പെട്ടെന്ന് തളർന്ന അവസ്ഥയിലെത്തുന്നതെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. സൗത്ത് കൊറിയയിലെ യോൻസെയ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഒക്യുപേഷണൽ & എൻവയോൺമെന്റർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.






















