സിന്ദൂരക്കുറി അണിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കയില്‍ നിന്നൊരു പഠന റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. മതപരമായ ആവശ്യങ്ങള്‍ക്കായി സിന്ദൂരം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, കടും ചുവപ്പ് നിറത്തിലുള്ള സിന്ദൂരത്തിന് നിറം ലഭിക്കാന്‍ ചില ഉല്‍പ്പാദകര്‍ ലെഡ്, ടെട്രോക്‌സൈഡ് തുടങ്ങിയവ കലര്‍ത്തുന്നതായാണ് കണ്ടെത്തല്‍. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ 118 സിന്ദൂര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 95 എണ്ണവും ദക്ഷിണേഷ്യയില്‍ നിന്നുള്ളതായിരുന്നു. പരിശോധിച്ച 80 ശതമാനം സാമ്പിളുകളിലും അപകടകരമായ അളവില്‍ ഈയം അടങ്ങിയതായി കണ്ടെത്തി. ഈയം ശ്വസിക്കുന്നതോ ശരീരത്തിന് ഉള്ളില്‍ എത്തുന്നതോ അപകടകരമാണ് എന്നിരിക്കെ, അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ചതിനേക്കാള്‍ മൂന്നിരിട്ടിയോളം അധികമാണ് പല സാമ്പിളകളില്‍ നിന്നും ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈയം രക്തത്തില്‍ കലര്‍ന്നാല്‍, ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്, പഠനമികവ് തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.


















