മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലതരത്തിലാണ്. അവ നമ്മുടെ വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ ബാധിക്കും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മാനസികാരോഗ്യം എന്നാല്‍ മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല അതിലുപരി ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ക്ഷേമത്തെയാണ് അര്‍ഥമാക്കുന്നത് എന്നാണ്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെയും, വികാരങ്ങളെയും, പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നു. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മനസ്സിന് വിഷമം തോന്നുന്ന രീതിയില്‍ ആരെങ്കിലും സംസാരിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യുമ്പോള്‍ ഉടനടി പ്രതികരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ വികാരത്തെ നിയന്ത്രിക്കാന്‍ സാധിക്കണം. ഇത് വികാരത്തെ അടിച്ചമര്‍ത്തുകയല്ല മറിച്ച് മാനസികമായ ശക്തി നല്‍കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കൂടാതെ ചെറുതും വലുതുമായ കാര്യങ്ങളെ നിസ്സാരമായി സമീപിക്കുക. ഇത് നിങ്ങളുടെ മനസിന്റെ ശക്തി കൂട്ടാനും മാനസിക പക്വത കൈവരിക്കാനും സഹായിക്കും. കൂടാതെ മറ്റുളളവര്‍ എന്ത് വിചാരിക്കും, സൗഹൃദം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന് തുടങ്ങി പല കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് പലര്‍ക്കും . ഇങ്ങനെ സ്വന്തം ജീവിതത്തെ മറ്റൊരാളുടെ ജീവിതവുമായി താരതമ്യപ്പെടുത്താതെ അവരവരുടെ വഴിയേ തന്നെ സഞ്ചരിക്കുന്നവര്‍ മാനസികമായി ശക്തരായിരിക്കുമെന്നും, ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.