ഇന്ത്യക്കാരുടെ ആയുസ്സ് ജാപ്പനീസുകാരേക്കാള്‍ 13 വര്‍ഷം കുറവെന്ന് പഠനം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലി ശീലങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതം, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം, വൈകിയുള്ളതും കട്ടി ആയതുമായ രാത്രി ഭക്ഷണം, ഉറക്കകുറവ് എന്നിവയാണ് ഇന്ത്യന്‍ ആയുസ്സ് കുറക്കുന്ന പ്രധാന ഘടകങ്ങളായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യായാമം ചെയ്യുക, സമീകൃതാഹാരം, ഉറക്കത്തിന് മുന്‍ഗണന നല്‍കല്‍ തുടങ്ങിയ ജാപ്പനീസ് ശൈലിയിലുള്ള ശീലങ്ങള്‍ സ്വീകരിക്കുന്നത് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ പറയുന്നു. ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ ജാപ്പനീസ് ജനതയാണ് മുന്നില്‍. ജപ്പാനില്‍ ഒരാള്‍ ശരാശരി 85 വര്‍ഷം ജീവിക്കുന്നു. അതേസമയം ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം 72 വര്‍ഷത്തിനടുത്താണ്. എന്ത് കഴിക്കുന്നു, എത്രത്തോളം വ്യായാമം ചെയ്യുന്നു, എത്ര ഉറങ്ങുന്നു, തുടങ്ങി ചെറിയ ദൈനംദിന പ്രവൃത്തികള്‍പോലും ആയുസ്സിന്റെ മാനദണ്ഡങ്ങളാണ്.






















