നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4 ,75,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഹൃദ്രോ​ഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയതായി പറയുന്നു. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാ​ഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോ​ഗവുമാണ് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും ​ഗവേഷകർ സൂചിപ്പിച്ചു. റെഡ് മീറ്റിലും സംസ്കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീർക്കൽ തുടങ്ങിയവയ്ക്കും ക്രമേണ ​​ഗൗരവകരമായ ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കാരണമാകുംമെന്നു വിദക്തർ പറയുന്നു. കൊളസ്ട്രോ‍ളും സാച്യുറേറ്റഡ് ഫാറ്റും അമിതമായി അടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികൾ ചുരുങ്ങാനും ഹൈപ്പർടെൻഷൻ, അതിറോസ്ക്ലിറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നും പഠനത്തിൽ പറയുന്നതായി വിദക്തർ നിർദേശിക്കുന്നു.