സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ തുടങ്ങിയവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2025ൽ 12 കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പി.സി.ആർ പരിശോധന പി.എ.ച്ച് ലാബിൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ വർഷവും വേനൽക്കാലത്തിന് തൊട്ട് മുമ്പ് അവബോധം ശക്തമാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലേയും കോഴിക്കോട് മെഡിക്കൽ കോളജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ അമീബിക് മസ്തിഷ്‌ക ജ്വരം രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.





















