മുളച്ച ഉരുളക്കിഴങ്ങ് ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടോ? സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും, എന്നാൽ ഇത് ഉപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു. മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ടെന്നും, അത് ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനു വരെയും കാരണമാകും എന്നും പഠനങ്ങൾ പറയുന്നു. ഗ്ലൈക്കോ ആൽക്കലോയ്ഡ് സംയുക്തങ്ങളായ സോളാനിൻ, കാകോനിൻ എന്നിവയുടെ ഉറവിടമാണ് ഉരുളക്കിഴങ്ങ്. ചെറിയ അളവിൽ കഴിക്കുമ്പോൾ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവ കൂടിയ അളവിൽ കഴിച്ചാൽ ജീവൻതന്നെ നഷ്ടപ്പെടാവുന്ന തരത്തിൽ വിഷപദാർഥം ആവും എന്നാണ് വിദഗ്ധർ പറയുന്നത്. ഉരുളക്കിഴങ്ങിനുണ്ടാകുന്ന പച്ചനിറം, ക്ലോറോഫിൽ നൽകുന്നതാണ്, ഇത് വിഷപദാർഥമല്ല എന്നാൽ ഗ്ലൈക്കോ ആൽക്കലോയ്ഡ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഈ പച്ചനിറം. ഉരുളക്കിഴങ്ങ് മുളച്ചു തുടങ്ങുമ്പോൾ അതിലെ ഗ്ലൈക്കോ ആൽക്കലോയ്ഡിന്റെ അളവും കൂടാൻ തുടങ്ങും, അത് ഭക്ഷിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ദൂഷ്യ ഫലങ്ങൾ ഉണ്ടാക്കും, അപ്പോൾ മുളച്ച ഉരുളക്കിഴങ്ങ് ഭക്ഷണത്തിനായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.






















