നട്ടെല്ലിലെ ട്യൂമർ കൺതടത്തിലൂടെ നീക്കം ചെയ്ത് സുപ്രധാന സാധ്യതകൾ തുറന്നിട്ട് യുഎസ്സിലെ ശസ്ത്രക്രിയാ വിദഗ്ധർ. 19-കാരിയായ കാർല ഫ്ലോറസിനെ ബാധിച്ച ഗുരുതര ട്യൂമറാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.
ആരോഗ്യരംഗത്തെ ഈ ശസ്ത്രക്രിയയെ സംബന്ധിച്ച് വലിയ വഴിത്തിരിവായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്.
കാഴ്ച മങ്ങുന്നതും രണ്ടായി കാണുന്നതിനും പരിഹാരം തേടിയാണ് കാർല ഫ്ലോറസ് ആശുപത്രിയിലെത്തുന്നത്. കോർഡോമ എന്നറിയപ്പെടുന്ന അപൂർവമായ ഒരു ട്യൂമർ ഇടത് കണ്ണിന്മേൽ സമ്മർദം ചെലുത്തുന്നതിനാലായിരുന്നു ഫ്ലോറസിന്റെ കാഴ്ചയെ ബാധിച്ചിരുന്നത്. നട്ടെല്ലിന് സമീപം കണ്ടെത്തിയ ട്യൂമർ ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെയ്ക്കാൻ സാധ്യതയുണ്ടായിരുന്നു. സൂക്ഷ്മമായ എല്ലാ പരിശോധനകൾക്കും ശേഷം നടന്ന ശസ്ത്രക്രിയ ഏകദേശം 19 മണിക്കൂറാണ് നീണ്ടത്. കണ്ണിലും നട്ടെല്ലിനും ചുറ്റുമുള്ള ലോലമായ ഭാഗങ്ങളിലൊന്നും സമ്മർദം ചെലുത്താതെ നട്ടെല്ലിലെ ട്യൂമർ അവർ വിദഗ്ധമായി നീക്കംചെയ്തു. അവശേഷിക്കുന്ന ട്യൂമർ കോശങ്ങളെകൂടെ ഇല്ലാതാക്കാൻ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രോട്ടോൺ തെറാപ്പിക്കും അവർ വിധേയയായി.






















