അമീബിക് മസ്തിഷ്കജ്വരം: മരണ നിരക്ക്‌ വർധിക്കുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 22 ദിവസത്തിനിടെ ഒമ്പതുപേരാണ് മരിച്ചത്. 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഇക്കാലയളവിൽ 170 പേരാണ് രോഗബാധിതരായത്. ഈമാസം മാത്രം 17 പേർ രോഗബാധിതരായി. രോഗം ബാധിച്ച് 40 ദിവസം ചികിത്സയിലായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.വി. വിനയയാണ് ഒടുവിൽ മരിച്ചത്. രോഗം ബാധിച്ച് ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. രോഗബാധിതർ ഇടപഴകിയ ജലാശയങ്ങളിലെയും മറ്റും വെള്ളത്തിൻറെ സാമ്പിൾ പരിശോധിച്ചിട്ടും രോഗത്തിൻറെ ഉറവിടം കണ്ടെത്താനായിട്ടില്ല. വെള്ളത്തിൽനിന്നാണ് രോഗം വരുന്നതെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരത്തെ കുറച്ച് കൂടുതൽ പഠിക്കുവാൻ വേണ്ടി ആരോഗ്യ വകുപ്പ് ആരംഭിച്ച പഠനം പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് മലപ്പുറം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്.