തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി, രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലും മാറിമാറി താമസിച്ചിരുന്നു. അതിനാൽ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുൻപ് അവശനായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. രോഗലക്ഷണം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. ശനിയാഴ്ചയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണോ രോഗബാധയുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കുട്ടി താമസിച്ച തണ്ണീർമുക്കത്തും പള്ളിപ്പുറത്തും പ്രത്യേക ജാഗ്രതാനിർദേശവുമുണ്ട്.





















