അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയില്‍ വലഞ്ഞ് കേരളം. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 11 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം ഇതുവരെ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആകെ 21 പേര്‍ മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ പകുതിയില്‍ അധികം ആളുകള്‍ക്കും മറ്റ് രോഗങ്ങളും ബാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍, വൃക്ക, കരള്‍ രോഗികളും പ്രമേഹ രോഗികളും ഉള്‍പ്പെടുന്നു. രോഗ ബാധിതരില്‍ പകുതിയില്‍ അധികം ആളുകള്‍ക്കും പനി ലക്ഷണമായി കണ്ടുവന്നിരുന്നില്ല. ഇത് രോഗികളെ തിരിച്ചറിയുന്നത് വൈകിപ്പിച്ചു. രോഗികളെ പരിചരിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമേ രോഗം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നുള്ളു. ആയതിനാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നേരിടാന്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.






















