ജങ്ക് ഫുഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്തർ. ജങ്ക് ഫുഡ് നാല് ദിവസത്തിൽ കൂടുതൽ തുടർച്ചയായി കഴിക്കുന്നത് ഒർമകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന തലച്ചോറിന്റെ ഭാഗത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പുതിയ ഓർമകൾ രൂപീകരിക്കുന്നതിലും സംഭരിക്കുന്നതിലും ഹിപ്പോകാമ്പസിന് നിർണ്ണായക പങ്കുണ്ട്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമായ അമിഗ്ഡലയുമായി ചേർന്ന് ഇത് വികാരങ്ങൾ നിയന്ത്രിക്കുന്നതിലും ഒരു പരിധി വരെ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ, തലച്ചോറിൽ ഇൻഫ്ലമേഷനും ഓർമകളെ തടസപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിലെ ഇന്റർ ന്യൂറോണുകൾ അമിതമായി പ്രവർത്തനക്ഷമമാകുമ്പോൾ ഗ്ലൂക്കോസ് സ്വീകരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ തകരാറിലാക്കുകയും തൽഫലമായി ഓർമകൾ പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യുന്നു. ഓർമക്കുറവ്, കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കരണമാകാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.




















