ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരവെ ശൗചാലയത്തിന്റെ ചുമര്‍ തുരന്നാണ് ഇയാള്‍ പുറത്തുകടന്നത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിനീഷിനെ സെല്ലില്‍ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. നേരത്തെ ജയിലില്‍ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു. പ്രതിക്കായി പ്രദേശത്ത് തെരച്ചില്‍ വ്യാപിപ്പിച്ചു. ഇയാള്‍ 2022ലും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടില്‍ സി കെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കിടപ്പുമുറിയില്‍ കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.