കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ പലരും ഉൾപ്പെടുത്തുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കുടലിൽ നിന്ന് കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീൻ ടീ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതോടൊപ്പം നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇത് രക്തധമനികളിലെ നീർവീക്കം കുറയ്ക്കാനും രക്തയോട്ടം സുഗമമാക്കാനും ഗുണകരമാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനായി ദിവസവും 2 മുതൽ 3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കാവുന്നതാണ്. അമിതമായ അളവിൽ കുടിക്കുന്നത് ഉറക്കമില്ലായ്മ, നെഞ്ചെരിച്ചിൽ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഗ്രീൻ ടി കുടിക്കുബോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാര ഒഴിവാക്കുക, ഭക്ഷണത്തോടൊപ്പം കുടിക്കാതെ ഇരിക്കുക, വെറും വയറ്റിൽ കുടിക്കാതെ ഇരിക്കുക, തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് മാത്രം കൊളസ്‌ട്രോൾ നിയന്ത്രിക്കാനാവില്ല. അതിനോടൊപ്പം സമീകൃതമായ ഭക്ഷണക്രമം പിന്തുടരുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക, എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക എന്നിവയും ശീലമാക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.






















