ഉയർന്ന രക്തസമ്മർദ്ദം എന്നത് ധമനികളിൽ രക്തം സ്ഥിരമായി ഉയർന്നിരിക്കുന്ന ഒരു അവസ്ഥയാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് കൂടുതലായിരിക്കുമ്പോൾ, അത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഗർഭിണികൾക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്ന് തുടർച്ചയായ തലവേദനയാണ്. ഈ തലവേദനകൾ സാധാരണ ടെൻഷൻ തലവേദനകളിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഈ തലവേദനകൾ സെറിബ്രൽ എഡിമ അല്ലെങ്കിൽ സ്ട്രോക്ക് റിസ്ക് പോലുള്ള കൂടുതൽ അപകടകരമായ പ്രശ്നങ്ങളുടെ ലക്ഷണമാകാമെന്നും ആരോഗ്യവിദഗ്തർ മുന്നറിയിപ്പ് നൽകുന്നു. മങ്ങിയ കാഴ്ച ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഒപ്റ്റിക് നാഡിയിൽ ദ്രാവകം അടിഞ്ഞുകൂടുകയും കാഴ്ച വൈകല്യമുണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഇവ സംഭവിക്കുന്നത്. ഇത് സാധാരണയായി തലവേദനയോടൊപ്പമാണ് സംഭവിക്കുന്നതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.


















