വി.ഡി സതീശന് എതിരായ കുരുക്ക് മുറുകുന്നു: തെളിവ് നിരത്തി വിജിലന്‍സ്

പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിദേശ ഫണ്ട് കേരളത്തിലേയ്ക്ക് കടത്തിയെന്ന ആരോപണത്തില്‍ വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടെന്ന് വിജിലന്‍സ്. പുനര്‍ജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും 27/11/2018 മുതല്‍ 8/3/2022 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ജ്ജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തു. ‘പുനര്‍ജ്ജനി’ സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഒമാന്‍ എയര്‍വെയ്സ് നല്‍കിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി ഡി സതീശന്‍ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്‌സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയര്‍മാന്‍ അമീര്‍ അഹമ്മദ് വിജിലന്‍സിനോട് വ്യക്തമാക്കിയിട്ടുണ്ട്.

യുകെയിലെ മലയാളികളില്‍ നിന്നും പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്ന വിജിലന്‍സ് കണ്ടെത്തലും നിര്‍ണായകമാണ്. സാധാരണഗതിയില്‍ എന്‍ജിഒകള്‍ തമ്മില്‍ ഇത്തരം ഇടപാടുകളില്‍ കരാറുകള്‍ ഒപ്പുവെക്കാറുണ്ട്. യുകെ യാത്രയ്ക്ക് പിന്നില്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും വി ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.