ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം

രാജ്യത്ത് ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം. ബർഗർ, ഫ്രഞ്ച് ഫ്രൈസ്, ഷവർമ, ശീതളപാനികൾ തുടങ്ങിയ അൾട്രാ-പ്രോസസ്‌ഡ് ഫുഡിലേക്ക് ഭൂരിഭാഗം പേരും മാറുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും യുവാക്കളിൽ ഉൾപ്പെടെ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്നും ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം അൾട്രാ-പ്രോസസ്‌ഡ് ഫുഡിൻ്റെ ഉപയോഗം കാരണം യുവാക്കളിൽ പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങൾ വർധിക്കുന്നതായി കണ്ടെത്തി. ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കൃത്രിമ ഘടകങ്ങൾ മൂലമാണ് ഇത്തരം കേസുകൾ വർധിച്ചതെന്നും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും പഠന റിപ്പോർട്ടിൽ ഗവേഷകർ കൂട്ടിച്ചേർത്തു