തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി

ഇരുന്നൂറിലേറെ തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. മൂന്നാർ പഞ്ചായത്തിനെതിരെ അനിമൽ റെസ്ക്യൂ സംഘമാണ് പരാതി നൽകിയത്. രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേർക്കാണ് മൂന്നാറിൽ തെരുവ് നായയുടെ കടിയേറ്റത്. വിദ്യാർഥികൾക്കുൾപ്പടെ കടിയേറ്റതോടെ പഞ്ചായത്തിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്. എന്നാൽ പിടികൂടിയ 200 ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമൽ റെസ്ക്യു സംഘത്തിന്റെ പരാതി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതയാണ് വിവരം. എന്നാൽ നായകളെ കൊന്ന് കുഴിച്ചുമൂടിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. നായകളെ പഞ്ചായത്ത് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായും ആരോപണമുണ്ട്.