നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്ന് അസുഖം ഗുരുതരമായതോടെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ചിരിച്ചും ചിന്തിപ്പിച്ചും നാലരപതിറ്റാണ്ടോളം മലയാള സിനിമയിലും പൊതുരംഗത്തും നിറഞ്ഞുനിന്ന ശ്രീനിവാസൻ മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾക്ക് തൂലിക കൊണ്ടും അഭിനയം കൊണ്ടും ജന്മം നൽകിയ അതുല്യ കലാകാരനായിരുന്നു. നാടോടിക്കാറ്റ്, സന്ദേശം, ചിന്താവിഷ്ടയായ ശ്യാമള, തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ മലയാളികൾ എന്നും നെഞ്ചിലേറ്റുന്നതാണ്. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. സിനിമ രംഗത്തുനിന്നും പൊതുരംഗതത്തുനിന്നുമുള്ള നിരവധിപെർ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു