അമിത വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥക്ക് ദോഷകരമെന്ന് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സാവധാനം ഭക്ഷണം കഴിക്കുന്നത്, അതേ ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് എന്നിങ്ങനെ താരതമ്മ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. അമിത വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ വയറിന് ക്രമേണ വികസിക്കാൻ സമയം ലഭിക്കുന്നതിന് മുമ്പേ വലിയ അളവിലുള്ള ഭക്ഷണം ഉള്ളിലേക്ക് എത്തുന്നു. ഈ അളവ് ഉൾക്കൊള്ളാൻ വയറിന് പെട്ടെന്ന് കഴിയില്ല. ഇത് അസ്വസ്ഥതക്കും വയറ്റിൽ ഭാരം തോന്നുന്നതിനും കാരണമാകും. വേണ്ടത്ര ചവയ്ക്കാത്ത വലിയ കഷണങ്ങൾ വിഴുങ്ങുന്നത് വയറിനെ കൂടുതൽ കഠിനമായി പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്നു. ഈ പെട്ടെന്നുള്ള ഭാരം മൊത്തത്തിലുള്ള ദഹനത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണം കഴിച്ച ഉടൻ തന്നെ കനം തോന്നുന്നതിനോ വയറുവീർക്കുന്നതിനോ കാരണമാകുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി. മാത്രമല്ല തലച്ചോറിന് സന്ദേശം നൽകാൻ സഹായിക്കുന്ന ഹോർമോണുകളാണ് പെപ്റ്റൈഡ് Y, ഗ്ലൂക്കഗോൺ-ലൈക്ക് പെപ്റ്റൈഡ്-1. ഈ രണ്ട് കുടൽ ഹോർമോണുകളുടെ അളവ് ഭക്ഷണശേഷം ഗണ്യമായി വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.