ഫാ.ടോമിന്റെ മോചനത്തിന് സാധ്യമായത് ചെയ്യുമെന്ന് സുഷമ

    ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുന്ന മലയാളി പുരോഹിതന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ കണ്ടുവെന്നും ഓരോ ഇന്ത്യക്കാരുടേയും ജീവന്‍ സര്‍ക്കാരിന് വിലപ്പെട്ടതാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

    ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ഒരു സാധ്യതയും അവഗണിക്കില്ല. ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടുമെന്നും അവര്‍ അറിയിച്ചു.

    മോചനത്തിനായി കേഴുന്ന ഫാ.ടോമിന്റെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി ഇന്നലെയാണ് പുറത്തുവന്നത്. തന്റെ മോചനത്തിനു വേണ്ടി സര്‍ക്കാരോ സഭയോ ഇടപെടുന്നില്ലെന്നും ഒരു ഇന്ത്യക്കാരനായതിനാലാണ് താന്‍ ഈ അവഗണന നേരിടുന്നതെന്നും ഫാ.ടോം വീഡിയോയില്‍ പറഞ്ഞിരുന്നു.

    യെമനിലെ ഏഡനില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ പലതവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. അതില്‍ യതാന്‍ വളരെ ദുഃഖിതനാണ്. ഫ്രാന്‍സിസ് പോപ്പും ബിഷപ്പുമാരും ഇന്ത്യയിലെ എല്ലാ വിശ്വാസികളും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്ന് ഫാ.ടോം വീഡിയോയില്‍ പലതവണ അപേക്ഷിക്കുന്നുണ്ടായിരുന്നു. ആരോഗ്യം അനുദിനം ക്ഷയിച്ചുവരികയാണ്. വൈദ്യസഹായം കൂടിയേ തീരു. മാനഷിക പരിഗണന നല്‍കി തന്നെ രക്ഷിക്കണമെന്നും അദ്ദേഹം വിഡിയോയില്‍ അപേക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ വിഷയത്തില്‍ കാര്യമായ ഇടപെടലുണ്ടാകാതിരുന്നതെന്നും ഭീകരര്‍ ബന്ദിയാക്കിയിരുന്ന ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചുവെന്നും ഫാ.ടോം കുറ്റപ്പെടുത്തിയിരുന്നു.

    LEAVE A REPLY