ചില വ്യക്തികള്‍ക്ക് തല കുളിച്ചാല്‍ തലവേദന അനുഭവപ്പെടാറുണ്ട്. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രെയ്ന്‍ തലവേദനയെ ട്രിഗര്‍ ചെയ്യാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലും കാണാറ്. ഹെയര്‍ വാഷ് മൈഗ്രെയ്ന്‍ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും ഹെയര്‍ വാഷ് മൈഗ്രെയ്ന്‍ വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തലമുടി ദീര്‍ഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കഫീന്‍ ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തലവേദനവയെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. മുടി കഴുകുമ്പോള്‍ തലയില്‍ ശക്തിയായി അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. അസഹനീയമായ തലവേദന തുടര്‍ന്നാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.




















