
കണ്ണുകളില്‍ എന്തെങ്കിലും ഒരു അസ്ഥസ്വത തോന്നിയാല്‍ കണ്ണുകള്‍ വെള്ളമൊഴിച്ചു കഴുകുന്ന അല്ലെങ്കില്‍ കണ്ണുകള്‍ തിരുമ്മുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ആ ശീലം കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍. കണ്ണുകളിലേക്ക് വെള്ളം ശക്തിയായി തളിക്കുമ്പോള്‍ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാവുകയും ചെയ്യുന്നു. കണ്ണുനീര് ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര് കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകള്‍ ഇത്തരത്തില്‍ കഴുകുന്നതോടെ കണ്ണുനീര് കുറയുന്നതിലേക്കും കണ്ണുകള്‍ വരണ്ടതാകുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ ദോഷകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണിന്റെ അതിലോലമായ കലകളെ ദോഷകരമായി ബാധിക്കാം. പൈപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസുകള്‍, പരാദങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.



















