ശരീരം ആരോഗ്യകരമായി നിലനിർത്താൻ ജലാംശത്തിന്റെ പങ്ക് ചെറുതല്ല. എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ദിവസേന 12 മുതൽ 15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് പോലെ തന്നെ പ്രധാനമാണ് വെള്ളത്തിന്റെ താപനിലയും. എന്നാൽ തണുത്ത വെള്ളത്തേക്കാൾ ആരോഗ്യത്തിന് നല്ലത് ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ എന്ന സംശയവും വ്യാപകമാണ്? ഇളം ചൂടുവെള്ളം ദഹനത്തെ പ്രോത്സാഹിപ്പിക്കും. ദഹനനാളത്തെ ഉത്തേജിപ്പിക്കാനും ദഹനക്കേട്, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നൽകാനും ഇത് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നാഡീവ്യവസ്ഥയെ ശാന്തമാക്കാനും പിരിമുറുക്കം ഒഴിവാക്കാനും ഇത് സഹായിക്കും. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. രക്തചംക്രമത്തെയും പിന്തുണയ്ക്കുന്നതിനോടൊപ്പം വിഷവസ്തുക്കളെ പുറന്തള്ളാനും ചർമ്മ കോശങ്ങൾ നന്നാക്കാനും ഇത് ഗുണകരമാണ്. ഇത് ആരോഗ്യകരമായ ചർമത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.





















