ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനം. ദിവസവും സമയാസമയം ലഭിക്കുന്ന ഈര്‍പ്പവും ഉമിനീരും ചര്‍മകോശങ്ങളും ഭക്ഷണഅവശിഷ്ടങ്ങളും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ടൊയ്‌ലറ്റിനടത്തോ ജനാലകള്‍ക്ക് അടുത്തോ ആണ് ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കുന്നതെങ്കില്‍ ഇതിന്റെ എണ്ണം ഇരട്ടിയാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന വ്യക്തിയുടെ വായ, ചര്‍മം, ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതി എന്നിവിടങ്ങളില്‍ നിന്നാണ് സൂക്ഷ്മാണുക്കള്‍ ടൂത്ത് ബ്രഷില്‍ പ്രധാനമായും എത്തുന്നത്. എന്നാല്‍ പുതിയതായി വാങ്ങുന്ന ബ്രഷുകളിലും സൂക്ഷ്മാണുക്കള്‍ ഉള്ളതായി കണ്ടെത്തിയാതായി പഠനത്തില്‍ പറയുന്നു. ബ്രസീലിലെ കടകളില്‍ നിന്ന് വാങ്ങിയ വ്യത്യസ്ത നിര്‍മ്മാതാക്കളില്‍ നിന്നുള്ള 40 പുതിയ ടൂത്ത് ബ്രഷുകളില്‍ നടത്തിയ പഠനത്തില്‍, പകുതിയും ഇതിനകം തന്നെ വിവിധ ബാക്ടീരിയകളാല്‍ മലിനമായിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം, നമ്മുടെ ടൂത്ത് ബ്രഷുകളില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ പൊതുവെ നിരുപദ്രവകാരികളാണ്. അതില്‍ ഭൂരിഭാഗവും വായില്‍ നിന്നാണ്. ഓരോ തവണയും നമ്മള്‍ ബ്രഷ് വായിലേക്ക് വയ്ക്കുമ്പോള്‍ റോത്തിയ ഡെനോകാരിയോസ, സ്‌ട്രെപ്‌റ്റോകോക്കേസി മൈറ്റിസ്, ആക്റ്റിനോമൈസസ് ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളെ ബ്രഷിലെ ബ്രിസ്റ്റിലുകള്‍ ആഗിരണം ചെയ്യുന്നു. ഇവയെല്ലാം സാധാരണയായി നമ്മുടെ വായില്‍ വസിക്കുന്നവയാണ്.എന്നാല്‍ അതിനൊപ്പം ചില ദോഷകരമായ ബാക്ടീരിയകളും കടന്നുകൂടാന്‍ സാധ്യതയുണ്ട്. സ്‌ട്രെപ്‌റ്റോകോക്കിയും സ്റ്റാഫൈലോകോക്കി പോലുള്ള ബാക്ടീരകള്‍ ബ്രഷിലുണ്ടുണ്ടെങ്കില്‍ അത് പല്ലുകള്‍ ക്ഷയിക്കാനും പല്ലുകളില്‍ പോട്, മോണയില്‍ വീക്കം തുടങ്ങിയവ ഉണ്ടാക്കാനും കാരണമാകുന്നതായി ആരോഗ്യവിദഗ്തര്‍ പറയുന്നു.





















