ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മാനസിക സമ്മർദം ഉണ്ടാകുമെന്ന് പഠനം. ലിവർപൂളിലെ ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ദിവസം ഒന്നര ലിറ്ററിൽ കുറവ് വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കൂടാൻ കാരണമാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നു. 62 പേരിൽ നടത്തിയ പഠനത്തിൽ വെള്ളം കുടിക്കുന്നവരുടെ കണക്കനുസരിച്ച് രണ്ട് വിഭാവങ്ങളായി തിരിച്ചു. ഇതിൽ വെള്ളം തീരേ കുടിക്കാത്തവരിൽ സ്‌ട്രെസ് ഹോർമോൺ വർധിക്കുകയും അത് അവരിൽ ക്രമേണ ശാരീരിക-മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തി. കൂടാതെ വിട്ടുമാറാത്ത നിർജ്ജലീകരണം സ്‌ട്രെസ് ഹോർമോണുകൾ കൂടുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. നിർജ്ജലീകരണം മൂലം കോർട്ടിസോളിന്റെ അളവു വർധിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും. മാത്രമല്ല, വൃക്കകൾക്ക് പരിക്കേൽക്കാനും പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലായിരിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.




















