പ്രായമായവരുടെ ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങൾ ചികിത്സിക്കാൻ സാധിക്കുമെന്ന് പഠനം. വയാഗ്ര എന്ന മരുന്നിന് പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാൻ സാധിക്കുമെന്ന് പീക്കിങ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. വയാഗ്രയിൽ അടങ്ങിയിരിക്കുന്ന സിൽഡെനാഫിൽ എന്ന ഘടകം മനുഷ്യരിലെ സ്റ്റെം കോശങ്ങളെ ഓസ്‌റ്റിയോബ്ലാസ്‌റ്റുകളായി പരിവർത്തനം ചെയ്യിക്കുമെന്ന് പഠനം പറയുന്നു. പുതിയ എല്ലു കോശങ്ങൾ നിർമ്മിക്കുന്നതിൽ സഹായിക്കുന്നവയാണ് ഓസ്‌റ്റിയോബ്ലാസ്‌റ്റുകൾ. പ്രായമാകുമ്പോൾ എല്ലുകൾക്ക് ശോഷണം സംഭവിക്കുന്ന ഓസ്‌റ്റിയോപോറോസിസിന്റെ ചികിത്സയ്‌ക്കായി വയാഗ്രയെ മാറ്റിയെടുക്കാമെന്ന് പബ്‌മെഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എല്ലുകളെ ദുർബലമാക്കുന്ന ഓസ്‌റ്റിയോപോറോസിസ് വീഴ്‌ചകളിൽ അവ ഒടിയാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സിൽഡെനാഫിൽ ഉപയോഗിച്ചുള്ള ചികിത്സ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നത് വഴി മറവിരോഗത്തിന്റെ സാധ്യതകളും വയാഗ്ര കുറയ്‌ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. വയാഗ്ര ഉപയോഗിക്കുമ്പോൾ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.





















