കൂടുതൽ സമയം ഇരുന്ന് ജോലികൾ ചെയ്യുന്നവരാണോ നിങ്ങൾ?

കൂടുതൽ സമയം ഇരുന്ന് ജോലികൾ ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ഇക്കൂട്ടർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇരിപ്പ് സുഖകരമായി തോന്നാമെങ്കിലും ഒരു ദിവസത്തിന്റെ വലിയൊരു സമയവും ഇതിനായി മാറ്റിവെക്കുമ്പോൾ സുഖത്തേക്കാൾ ഉപരി അസുഖങ്ങൾ വരുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. രക്ത ചംക്രമണ വ്യവസ്ഥയെയും നട്ടെല്ലിന്റെ ശേഷിയെയും വരെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുകയും ആവശ്യാനുസരണം വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് ഇടവരുത്തും. അതിൽ പ്രധാനമാണ് നടുവേദന. ഇത് കൂടാതെ മലബന്ധത്തിന്റെ പ്രശ്‌നങ്ങളും പലരെയും അലട്ടാറുണ്ട്. ശരിയായ രീതിയിലല്ല ഇരിക്കുന്നതെങ്കിൽ നടുവിനും കഴുത്തിനും അമിത സമ്മർദമുണ്ടാകും. ഇത് പേശികൾക്ക് ബലക്കുറവുണ്ടാക്കുകയും കഴുത്തുവേദന, പുറം വേദന, നടുവേദന എന്നിവക്ക് കാരണമാവുകയും ചെയ്യും. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോൾ കൂടുന്നതായും നല്ല കൊളസ്‌ട്രോൾ കുറയുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ഒരു മണിക്കൂർ തുടർച്ചയായി ഇരുന്നാൽ 10 മിനിറ്റ് എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. നേരെ ഇരിക്കാൻ ശ്രമിക്കുക. കമ്പ്യൂട്ടർ സ്‌ക്രീനുകൾ എപ്പോഴും കണ്ണിന്റെ നിരപ്പിനനുസരിച്ച് ആയിരിക്കണം. കഴുത്തും കൈകളും കാലുകളും ഇടക്കിടെ സ്‌ട്രെച്ച് ചെയ്യുന്നത് പേശികൾക്ക് അയവ് നൽകാനും വേദന കുറക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.