പല അച്ഛനമ്മമാരുടേയും പരാതിയാണ്, കുട്ടികൾ പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നിൽതന്നെ, ഭയങ്കര ദേഷ്യം, കള്ളം പറയുന്നു, ചീത്ത വാക്കുകൾ പറയുന്നു എന്നിങ്ങനെയൊക്കെ, എന്നാൽ എന്തുകൊണ്ടാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നതെന്ന് മാതാപിതാക്കൾ ചിന്തിക്കറുണ്ടോ? മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവർ വളർന്നുവരുന്ന സാമ്പത്തികസാമൂഹിക സാഹചര്യങ്ങൾ എന്നിവ ഓരോ ഘട്ടത്തിലും കുട്ടികളുടെ സ്വഭാവരൂപീകരണത്തേയും വ്യക്തിത്വ വികസനത്തേയും സ്വാധീനിക്കും. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാൻ. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് കുട്ടികളെ അളവില്ലാതെ സ്‌നേഹിക്കുക എന്നത്, ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവർ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. കൂടാതെ ക്രിയാത്മക പരിശീലനം, കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക, അച്ഛനമ്മമാരുടെ പരസ്പര സ്‌നേഹം, ജീവിതമൂല്യങ്ങൾ പഠിപ്പിക്കുക, തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ ശ്രെദ്ധിക്കുന്നതിലൂടെ നല്ലൊരു വരും തലമുറയെ വാർത്തെടുക്കാൻ സാധിക്കും.






















