ഉപ്പു തിന്നാല്‍ വെള്ളം കുടിക്കണം’, മുന്നറിയിപ്പുമായി വിദഗ്ധര്‍

ഇന്ന് പലരെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ് വൃക്കയിലെ കല്ലുകള്‍. വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിലെ മറ്റൊരു പ്രധാന ഘടകം അമിതമായ ഉപ്പ് ഉപഭോഗമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ചില ആളുകള്‍ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പിന് പുറമേ ഭക്ഷണത്തില്‍ അധിക ഉപ്പ് ചേര്‍ക്കുന്നു. ഈ അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കകളുടെ ഭാരം വര്‍ധിപ്പിക്കുന്നു. ഇത് തടയാനായി വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. നിര്‍ജലീകരണം സംഭവിക്കുമ്പോള്‍, മൂത്രം കൂടുതല്‍ സാന്ദ്രീകരിക്കപ്പെടുന്നു. ഇത് മൂത്രം പുറത്തേക്ക് പോകുന്നത് ബുദ്ധിമുട്ടാക്കുന്നു. മൂത്രം പിടിച്ചുനിര്‍ത്തുന്നതും ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും മൂത്രത്തിലെ ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നു, ഇത് ഒടുവില്‍ കല്ല് രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം. നമ്മള്‍ കഴിക്കുന്ന ഉപ്പിന് തുല്യമായ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. അപ്പോള്‍ മാത്രമേ അധിക ഉപ്പ് ശരീരത്തില്‍ നിന്ന് ശരിയായി പുറന്തള്ളപ്പെടുകയുള്ളൂ. നമ്മുടെ ശരീരത്തിലെ 60% മുതല്‍ 70% വരെ വെള്ളം നിലനിര്‍ത്തിക്കൊണ്ട് ജല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഉപ്പാണ്. അതിനാല്‍, വൃക്കകളില്‍ അനാവശ്യമായ സമ്മര്‍ദം ചെലുത്തുന്നത് ഒഴിവാക്കാന്‍ ശരീരത്തിലെ ജലം, ഉപ്പ്, മറ്റ് ധാതുക്കള്‍ എന്നിവ എപ്പോഴും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍.