കോവിഡ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കോവിഡ് കാരണമാകുന്നുവെന്ന് പഠനം. ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടികൂടുന്നതിന്‌ കോവിഡ് അണുബാധ കാരണമാകുന്നുവെന്നാണ് പഠനത്തിലുള്ളത്. ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിലാണ് പഠനം നൽകിയത്. പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവിഡ് അണുബാധയോടെ ഇതിന് ആക്കം കൂടുന്നുവെന്നാണ് പഠനത്തിലുള്ളത്. രക്തക്കുഴലുകൾ കട്ടിയാകുന്നത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. കോവിഡ് അണുബാധ, പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം അഞ്ച് വർഷം കൂട്ടുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. പതിനാറോളം രാജ്യങ്ങളിൽ നിന്നുള്ള 2390 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 സെപ്തംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഒരിക്കലും കോവിഡ് വന്നിട്ടില്ലാത്തവർ, അടുത്തിടെ കോവിഡ് വന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്തവർ, കോവിഡ് ബാധിച്ച് ആശുപത്രി ചികിത്സയിൽ കഴിഞ്ഞവർ, ഐ.സി.യു.വിൽ കഴിഞ്ഞവർ എന്നിങ്ങനെ നാല് വിഭാ​ഗങ്ങളാക്കിയാണ് പഠനം നടത്തിയത്. തുടർന്നാണ് ഒരിക്കലും കോവിഡ് വന്നിട്ടില്ലാത്തവരെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരിച്ചവരിൽ രക്തക്കുഴലുകൾ കട്ടിയായതായി കണ്ടെത്തിയത്. സ്ത്രീകളിലും കോവിഡിനുശേഷം അമിതക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവ നീണ്ടുനിന്നവരിലും ഇതിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുന്നതിന് പിന്നിൽ പ്രതിരോധശേഷിയുടെ പ്രവർത്തനത്തിലെ വ്യത്യാസമാകാമെന്നാണ് ​ഗവേഷകർ വിലയിരുത്തുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയവ നിയന്ത്രിച്ച് നിർത്തുക തുടങ്ങിയവ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷർ പറയുന്നു. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.