കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ നിശ്ചലമായപ്പോൾ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പുതുവർഷമായി ഇന്ന് ചിങ്ങം 1. കള്ളകർകിടകത്തിന് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ.

പെരുമഴ താണ്ഡവമാടിയ കർകിടകത്തിൽ ഒത്തിരി ദുരന്തകാഴ്ചകളാണ് മലയാള നാടിനുണ്ടായത്.  ഏത് ദുരന്തവും നാടിനെ ഇല്ലാതാകാൻ ശ്രമിക്കുമ്പോഴും അവിടെയെല്ലാം കൈകോർത്തു ഒരുമിച്ചവരാണ് മലയാളികൾ. കാർഷികമേഖലയെ സംബന്ധിച്ചടുത്തോളം വരുമാനമില്ലാത്ത കാലമായതിനാൽ ‘പഞ്ഞ മാസം’ എന്നു വിളിക്കപ്പെടുന്ന കള്ളകർക്കിടകത്തിൽ നെഞ്ചോട് ചേർത്തുവച്ച വിളകൾ ചിങ്ങപ്പുലരിയിൽ വിളവെടുക്കാൻ കാത്തിരിക്കുന്ന കർഷകരുടെ ദിനം കൂടിയാണ് ചിങ്ങം 1. കാർമേഘങ്ങൾ ഇരുണ്ടു പ്രതീക്ഷിക്കാത്ത മഴ ഇടക്ക് ഇടക്ക് പെയ്യുന്ന കള്ളകർക്കിടകത്തെ അപേക്ഷിച്ചു തെളിഞ്ഞ കാലാവസ്ഥയും, വർഷം മുഴുവനും സുഖവും, സമൃദ്ധിയുമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തൻപ്രതീക്ഷകളിൽ ഓണകാലത്തിന്റെ ഗൃഹാതുരസ്മരണകളാണ് ഓരോ മലയാളിയുടെയും മനസ്സിൽ ചിങ്ങമാസം. മാവേലി തമ്പുരാനെ വരവേൽക്കാൻ മനുഷ്യർ മാത്രമല്ല പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം, മലയാളി മനസ്സിൽ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. പഴയ കാലഘട്ടത്തിന്റെ ഓർമ്മകൾ വീണ്ടും മലയാളനാട്ടിൽ നിറയാനായി നമുക്കു പ്രാർത്ഥിക്കാം.പ്രതിസന്ധികളെ അതിജീവിച്ചു ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളികൾക്കും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു.