ആധുനിക ചികിത്സകൾക്ക് മയോ ക്ലിനിക്ക്

നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രീയപ്പെട്ട ആരോഗ്യ പരിചരണ കേന്ദ്രമാണ് അമേരിക്കയിലെ മയോ ക്ലിനിക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് 150 വർഷത്തിലധികം പാരമ്പര്യമുള്ള മയോ ക്ലിനിക്കിനെ ഓരോ വർഷവും ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ ചികിത്സ ലഭിക്കുന്നു എന്നതാണ് മയോ ക്ലിനിക്കിന്റെ പ്രത്യേകത. മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണമായി ഗവേഷണങ്ങളിൽ ഏർപ്പെടുകയും 4500ഓളം ഡോക്ടർമാർ ഇതര വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുകയും ചെയ്യുന്ന മയോ ക്ലിനിക്കിൽ 58000ൽ അധികം ജീവനക്കാരുണ്ട്. നൂതന സാങ്കേതികവിദ്യകൾ, മരുന്നുകൾ, ചികിത്സാ രീതികൾ എന്നിവ പലപ്പോഴും ആദ്യമായി പരീക്ഷിക്കപ്പെടുന്നതും ഇതേ മയോ ക്ലിനിക്കിലാണ്. ഏത് രോഗത്തിനുമുള്ള ആധുനിക ചികിത്സകൾ മയോ ക്ലിനിക്കിൽ ലഭ്യമാണ്. രോഗം വരാതെ ദീർഘായുസ്സോടെ ഇരിക്കാൻ സഹായിക്കുന്നതായിരിക്കണം ശാസ്ത്രം എന്ന ആശയമാണ് മയോ ക്ലിനിക്ക് മുന്നോട്ടുവയ്ക്കുന്നത്.