കേരളം ഇനി വി.ഡി.എസ് നയിക്കും

നീണ്ട പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേറ്റു. ഇതോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന 13-ാമത്തെ വ്യക്തിയായി വി.ഡി സതീശന്‍ മാറി. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയം രാവിലെ ഒന്‍പതുമണിക്ക് മുന്‍പുതന്നെ നിറഞ്ഞുകവിഞ്ഞു. പിന്നാലെ വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലെത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും തെലങ്കാന, കര്‍ണാടക മുഖ്യമന്ത്രിമാരും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. രാവിലെ 10.10-ഓടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വേദിയിലെത്തിയത്. 10.12-ഓടെ വന്ദേമാതരം ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് വി.ഡി സതീശന്‍ അധികാരത്തിലേറിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു