ഒരു ദിവസം മുഴുവൻ വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കണമെങ്കിൽ ജലാംശം കൂടിയേ തീരൂ. ആരോഗ്യമുള്ള ഒരാൾ 24 മണിക്കൂർ തുടർച്ചയായി വെള്ളം കുടിക്കാതിരുന്നാൽ സാധാരണയായി മിതമായ നിർജ്ജലീകരണത്തിൻറെ ലക്ഷണങ്ങൾ കാണിക്കാം. എന്നാൽ കാലാവസ്ഥ, ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇതിൻറെ തീവ്രതയിൽ വ്യത്യാസപ്പെടാം. നമ്മുടെ ശരീരത്തിൽ ഏതാണ്ട് 60 ശതമാനവും ജലാംശമാണ്. ഇത് കുറയുമ്പോൾ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും അത് ബാധിക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഇത് കുറയുമ്പോൾ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടാം. വൈകുന്തോറും ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത വർധിക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. രോഗികളായവർ, പ്രായമായവർ, കുട്ടികൾ, ചൂടുള്ള കാലാവസ്ഥയിൽ കഠിനാധ്വാനം ചെയ്യുന്നവർ എന്നിവർക്ക് നിർജ്ജലീകരണം പെട്ടെന്ന് ഗുരുതരമാവാനുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിലധികം വെള്ളം കുടിക്കാതിരിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.



















